വളരെ അപ്രധാനമായ ഒരു വചനം:
...മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? (ഇയ്യോ 6:6)മുട്ടയുടെ വെള്ളയ്ക്ക് തീർച്ചയായും രുചിയുണ്ട്. ബഹുഭൂരിപക്ഷം പേർക്കും മുട്ടയുടെ വെള്ളക്കരുവാണ് ഇഷ്ടം. കൊഴുപ്പിനെ (കൊളസ്ട്രോൾ) ഭയക്കാത്തവർ പോലും മഞ്ഞക്കരു ഉപേക്ഷിച്ച്, വെള്ളക്കരു കഴിക്കുന്നത് കാണാം.
... is there any taste in the white of an egg? (Job 6:6, KJV)
യഥാർത്ഥത്തിൽ ഇവിടെ മുട്ടയെ പറ്റി പരാമർശിച്ചിട്ടില്ല. വശള പോലെയുള്ള കൊലുപ്പ (purslane) അല്ലെങ്കിൽ ഊരകം (mallow) എന്ന ഒരുതരം ചീരയും അതിൻറെ തണ്ടിലെ കൊഴുത്ത ദ്രവവുമാണ് (sap, slime) ഈ വചനത്തിൽ പ്രതിപാദിക്കപ്പെടുന്നത്.
RSV: ...is there any taste in the slime of the purslane?ഇത്രയും ലളിതവും അപ്രധാനവുമായ ഒരു വചനം തെറ്റായി പരിഭാഷപ്പെടുത്തിയെങ്കിൽ കൂടുതൽ സങ്കീർണമായ വചനങ്ങൾ എത്രമാത്രം തെറ്റിയിരിക്കാം?
ESV: ...is there any taste in the juice of the mallow?
പരിഭാഷയിലെ വാരിക്കുഴികൾ.
ഇംഗ്ലീഷിലും മലയാളത്തിലും അതുല്യമായ നൈപുണ്യമുണ്ടായിരുന്ന ഓ.വി.വിജയൻ അദ്ദേഹത്തിൻറെ “ഖസാക്കിൻറെ ഇതിഹാസം” ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോൾ നേരിട്ട ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളെ പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സ്വന്തം കൃതിയാണ് പരിഭാഷപ്പെടുത്തേണ്ടത്, എന്നിട്ടും അദ്ദേഹത്തിന് തടസ്സങ്ങൾ നേരിട്ടെങ്കിൽ, 2000 മുതൽ 3500 വരെ വർഷങ്ങൾക്ക് മുമ്പ്, അന്യംനിന്നുപോയ ഭാഷകളിലും, സാംസ്കാരിക പശ്ചാത്തലത്തിലും, ഏകദേശം 40 പേർ എഴുതിയ വേദപുസ്തകം ഇന്ന് ആർക്കെങ്കിലും കൃത്യമായി പരിഭാഷപ്പെടുത്തുവാൻ കഴിയുമെന്ന് കരുതുന്നതിനേക്കാൾ വലിയ മൌഢ്യമില്ല.
ഒരു ഉദാഹരണം:
പുതിയ നിയമം എഴുതപ്പെട്ട കൊയ്നെ ഗ്രീക്ക് ഭാഷയിലെ ചില വാചകങ്ങളെ തൻറെ ദൈവശാസ്ത്രവുമായി പൊരുത്തപ്പെടുത്തുവാൻ ഗ്രാൻവിൽ ഷാർപ് എന്ന ആൾ ചില വ്യാകരണ നിയമങ്ങൾ ഉണ്ടാക്കി. (Granville Sharp Rule). പക്ഷേ, സൂക്ഷ്മപരിശോധനയിൽ ആ നിയമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതായി അദ്ദേഹത്തെ പോലെ ത്രിത്വത്തിൽ വിശ്വസിക്കുന്ന പണ്ഡിതന്മാർ പോലും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കൃത്യതയുള്ള വ്യാകരണ നിയമങ്ങൾ ഉണ്ടാകാത്തതിനാൽ നാം വായിക്കുന്ന പരിഭാഷകൾ എല്ലാം അത്തരം നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളവയാണ്. വേദപുസ്തകത്തിൻറെ രചയിതാക്കൾ ഉദ്ദേശിച്ച അർത്ഥം തന്നെയാണോ പരിഭാഷകളിൽ ഉള്ളത് എന്ന് ആർക്കറിയാം? (ഷാർപിൻറെ നിയമങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള പരിഭാഷകൾ വ്യാഖ്യാനിക്കുവാനും ഇതേ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.)
(മലയാള ഭാഷയുടെ വ്യാകരണം തിട്ടപ്പെടുത്തിയ ഏ. ആർ. രാജരാജ വർമ്മയും, കേരളവർമ്മ വലിയകോയി തമ്പുരാനും ഭാഷാപണ്ഡിതന്മാർ ആയിരുന്നു. ഗ്രാൻവിൽ ഷാർപ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളും.)
പരിഭാഷകളും മുൻവിധികളും.
തെലുങ്കിലെ ഒരു കഥയുടെ രണ്ട് മലയാളം പരിഭാഷകൾ നിങ്ങളുടെ കൈയ്യിൽ തന്നിട്ട്, ഇവയിൽ ഏതാണ് നല്ല പരിഭാഷ എന്ന് അഭിപ്രായം പറയുവാൻ പറഞ്ഞാൽ, നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെന്നുവരും, കാരണം, മൂലകൃതി വായിക്കാത്ത നിങ്ങൾക്ക് പരിഭാഷയുടെ കൃത്യതയെ പറ്റി അഭിപ്രായം പറയുവാൻ കഴിയില്ല. തെലുങ്കും മലയാളവും അറിയാവുന്ന ഒരാൾ മൂലകൃതിയും പരിഭാഷകളും താരതമ്യപ്പെടുത്തിയാൽ മാത്രമേ പരിഭാഷ പിഴവറ്റതാണോ എന്ന് പറയുവാൻ കഴിയൂ.
പലരും ഇന്ന പരിഭാഷയാണ് നല്ലത്, ഇന്ന പരിഭാഷ തെറ്റാണ് എന്ന് വാദിക്കാറുണ്ട്. പരിഭാഷ നല്ലതോ ചീത്തയോ എന്ന് അറിയണമെങ്കിൽ നാം മൂലകൃതി വായിച്ചിരിക്കണം. പതിനായിരക്കണക്കിന് കൈയ്യെഴുത്തുപ്രതികളിൽ ഒന്നുപോലും കണ്ടിട്ടില്ലാത്ത നാം ഒരു പരിഭാഷ നല്ലതോ ചീത്തയോ എന്ന് എങ്ങനെ നിശ്ചയിക്കും?
പുതിയതായി കണ്ടെത്തിയ പഴയ കൈയ്യെഴുത്തുപ്രതികളും പുതിയ പരിഭാഷകളും.
പല ക്രൈസ്തവരും ഇന്ന പരിഭാഷ (വിശേഷിച്ചും കെ.ജെ.വി) ദൈവത്താൽ പ്രചോദിതമാണെന്നും, ഇന്നിന്ന പരിഭാഷകൾ സാത്താൻറെ വായിൽ നിന്നും, നരകത്തിൻറെ അടിത്തട്ടിൽ നിന്നുമുള്ളതാണ് എന്നും പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത്: അവരുടെ മതത്തിൻറെ വിശ്വാസപ്രമാണങ്ങൾക്കും, അവരുടെ മുൻവിധികൾക്കും അടിസ്ഥാനമായ വാക്കുകളോ, വചനങ്ങളോ അവർ എതിർക്കുന്ന പരിഭാഷകളിൽ ഇല്ലെന്നാണ്, അതല്ലാതെ, അവർ കൈയ്യെഴുത്തുപ്രതികൾ പഠിച്ചതിനാൽ അല്ല.
സെമിനാരികളിലും ബൈബിൾ കോളേജുകളിലും പഠിച്ചതുകൊണ്ട് ആർക്കും പരിഭാഷകളെ വിലയിരുത്തുവാനുള്ള ഭാഷാപരിജ്ഞാനം ഉണ്ടാവില്ല. ചില മലയാളികളോട് “തമിഴ് തെരിയുമാ?” എന്ന് ചോദിച്ചാൽ “കൊഞ്ചം, കൊഞ്ചം അറിയാം” എന്ന് പറയുന്ന അത്രയുമോ, ചില തമിഴരോട് “മലയാളം മനസ്സിലാകുമോ?” എന്ന് ചോദിച്ചാൽ “കൊരച്ച്, കൊരച്ച് മനസ്സിലാകും” എന്ന് പറയുന്ന അത്രയുമോ പോലും ഹീബ്രൂ, ഗ്രീക്ക്, അരാമ്യ ഭാഷകൾ ഈ “പണ്ഡിതന്മാർക്ക്” അറിയില്ലെന്നത് സത്യമാണ്. അവർ സ്ട്രോങ്സ് ശബ്‌ദസൂചി (Strong's Concordance) ഉപയോഗിച്ചാണ് അവർ പാണ്ഡിത്യം പ്രദർശിപ്പിക്കുന്നത്.
വേദപുസ്തകത്തിൽ 60ൽ അധികം വിധത്തിലുള്ള അലങ്കാര പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ ചിലതിൻറെയൊക്കെ പേരുകൾ ഉച്ചരിക്കുവാൻ പോലും നമുക്ക് കഴിയില്ല. നാം ഇപ്പോഴും വേദപുസ്തകം പഠിക്കുന്നത് വ്യാകരണത്തിൻറെയും വാക്കുകളുടെ അർത്ഥത്തിൻറെയും അടിസ്ഥാനത്തിലാണ്.
സുഖിപ്പിക്കുവാനുള്ള പരിഭാഷകൾ.
Gen 16:12 And he will be a wild man... (KJV)ഇവിടെ ഉപയോഗിച്ചിട്ടുള്ള ഹീബ്രൂ വാക്ക് (פֶּרֶה פֶּרֶא, peh'-reh, peh'-reh, സ്ട്രോങ്സ് # H6501) മറ്റെല്ലായിടത്തും (ഇയ്യോ 6:5; 11:12; 24:5; 39:5; സങ്കീ 104:11; യെശ 32:14; യിരെ 2:24; 14:6; ഹോശെ 8:9) “wild ass” (കാട്ടുകഴുത) എന്ന് പരിഭാഷപ്പെടുത്തിട്ട്, ഈയൊരു വചനത്തിൽ മാത്രം “wild man” (കാട്ടു മനുഷ്യൻ) എന്ന് പരിഭാഷപ്പെടുത്തിയത് യിശ്മായേലിൻറെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്ന മതക്കാരെ സുഖിപ്പിക്കുവാനാണ്. ഇതര മതക്കാരോട് നമുക്ക് വഴക്കില്ലെങ്കിലും സത്യത്തിനും ദൈവവചനത്തിനും ഒത്തുതീർപ്പുകൾ അനുവദിക്കാമോ? കെ.ജെ.വി പരിഭാഷയ്ക്ക് മുമ്പും പിമ്പുമുള്ള അനേകം പരിഭാഷകളിൽ മലയാളത്തിലെ പോലെ കാട്ടുകഴുത പോലെയുള്ള മനുഷ്യൻ എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. (ഉദാ: RSV, Bishops)
ഉൽ 16:12 അവൻ (യിശ്മായേൽ) കാട്ടുകഴുതയെ പോലെ ഉള്ള മനുഷ്യൻ ആയിരിക്കും...
ചില ദേശക്കാരെയും, ഭൂഖണ്ഡക്കാരെയും സുഖിപ്പിക്കുവാൻ നടത്തിയ ഒത്തുതീർപ്പുകളും കൂടെ (കെ.ജെ.വിയിൽ മാത്രമല്ല) എഴുതി ഈ ലേഖനം ഇനിയും ദീർഘിപ്പിക്കുന്നില്ല.
“ഒരുവൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ അവൻറെ വേദപുസ്തകവും എടുത്ത്, എന്നെ അനുഗമിക്കട്ടെ” എന്ന് കർത്താവ് പറഞ്ഞിട്ടില്ല എന്ന് ഓർക്കുക.
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:
Post a Comment
Note: Only a member of this blog may post a comment.