Friday, January 27, 2017

⑤ യേശുവിൻറെ വിശ്വാസത്താൽ രക്ഷിക്കപ്പെട്ടവർ.

ക്രിസ്തുവിൽ പ്രിയരെ,
  • വേദപുസ്തകത്തിൻറെ പൂർണ്ണമായ കൈയ്യെഴുത്തുപ്രതികൾ ഇല്ല; കൈയ്യെഴുത്തുപ്രതികളിൽ തിരുത്തലുകളും ചേർക്കലുകളും നടത്തിയിട്ടുണ്ട്;
  • പരിഭാഷയുടെ കൃത്യതയെ പറ്റി ഉറപ്പില്ല;
  • വ്യാഖ്യാനങ്ങളുടെ ആധികാരികതയെ പറ്റി ഉറപ്പില്ല;
  • ഏത് ക്രൈസ്തവ വിഭാഗമാണ് സത്യം പഠിപ്പിക്കുന്നത് എന്ന് ഉറപ്പില്ല (എല്ലാ സഭക്കാർക്കും അവരവരുടെ സഭയാണ് സത്യത്തിൻറെ തൂണും അടിസ്ഥാനവും എന്നത് മറക്കുന്നില്ല, കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ പ്രമാണം?)
ഇന്ന് രാവിലെ ഒരു സഹോദരൻ ഒരു കാര്യം പറഞ്ഞു: അച്ചായാ, വേദപുസ്തകം പഠിക്കുമ്പോൾ ഒരു കാര്യം മനസ്സിലാകുന്നു: മതങ്ങൾ നമ്മളെ കബളിപ്പിക്കുകയാണ്. മതം ഇല്ലാതെ യേശുവിനെ പിന്തുടരുകയാണ് നല്ലത്.

ദൈവശാസ്ത്രവും വേദപുസ്തകവും ഫേസ്‍ബുക്കിലും വാട്സാപ്പിലും പരസ്പരം തമ്മിൽതല്ലുവാനും ചീത്തവിളിക്കുവാനുമുള്ള ഉപാധികളായി അധഃപതിച്ചിരിക്കുന്നു എന്നാണ് മറ്റൊരു സഹോദരൻ പറഞ്ഞത്.

യഥാർത്ഥ വിശ്വാസി എന്തുചെയ്യണം?


നിലവിലുള്ള 41,000 ക്രൈസ്തവ വിഭാഗങ്ങളും (33,090 വിഭാഗങ്ങൾ എന്ന് 2007ലെ കണക്ക്) തങ്ങൾ സത്യത്തിലാണ് നിലകൊള്ളുന്നത് എന്ന് അവകാശപ്പെടുന്നു. 41,000 വിഭിന്നമായ സത്യങ്ങൾ ഉണ്ടാകുവാൻ തരമില്ലാത്തതിനാൽ അവ 41,000 അസത്യങ്ങളാകുവാനാണ് വഴി.

സഹോദരാ, സഹോദരീ, നിങ്ങളേക്കാൾ വലിയ വേദപണ്ഡിതന്മാരില്ല:
1യോഹ 2:27 അവിടന്നിൽ നിന്നും പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; അവിടത്തെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയാലും അത് അസത്യമല്ലാതെ സത്യം ആയിരിക്കുന്നതിനാലും അത് നിങ്ങളെ ഉപദേശിച്ചത് പോലെ നിങ്ങൾ അവിടന്നിൽ വസിക്കുവിൻ.
കണ്ണൂര് നിന്ന് ഒരു ഉപദേശി പുതിയ ഒരു ഉപദേശവുമായി പുറപ്പെട്ടപ്പോൾ കുറെ പേർ അയാളുടെ പുറകെ പോയി. അടൂരിൽ നിന്നും മറ്റൊരു പ്രവാചകൻ അത്ഭുതങ്ങളും അടയാളങ്ങളുമായി പുറപ്പെട്ടപ്പോൾ അയാളുടെ പുറകെ പോയി. അടുത്തത് ബാംഗ്ലൂരിൽ നിന്നും മറ്റൊരു വിദ്വാൻ (ഞാൻ പാസ്റ്ററല്ലേ) വാഗ്‌ചാതുര്യവുമായി പുറപ്പെട്ടാൽ അയാളുടെ പുറകെ പോകുകയായി. നിങ്ങളുടെ കീശ കാലിയാവുമ്പോൾ, ഉപദേശി പുതിയ മേച്ചിൽപുറങ്ങൾ തേടി സമ്പന്ന ക്രൈസ്തവരുള്ള അമേരിക്കയിലേയ്ക്കും ഗൾഫ് നാടുകളിലേയ്ക്കും പോകുമ്പോൾ നിങ്ങൾ കറിവേപ്പില. ഒടുവിൽ ഇവരുടെയൊക്കെ തട്ടിപ്പുകൾ മനസ്സിലാകുമ്പോൾ ബാക്കിയാവുന്നത് നഷ്ടപ്പെട്ട വർഷങ്ങളും ശിഥിലമായ കുടുംബ, സാമൂഹ്യ ബന്ധങ്ങളും ആയിരിക്കും. (അപ്പൊ 5:36, 37ൽ ഗമലീയേൽ പറഞ്ഞ കാര്യങ്ങൾ ഇതുമായി താരതമ്യപ്പെടുത്തി നോക്കുക.)

വേദപുസ്തകം നമ്മോട് എന്താണ് പറയുന്നത്?
എഫേ 4:14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻറെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ,
എഫേ 4:15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ: (കണ്ണൂരും, അടൂരും, പാറശ്ശാലയും, ബാംഗ്ലൂരും നിന്നും അടിക്കുന്ന) ഉപദേശത്തിൻറെ ഓരോ കാറ്റിൻറെ പുറകെ പോയാൽ വളർച്ച മുരടിച്ച് പോകും.

വേദപുസ്തകം വെറുതെ വായിക്കാതെ പഠിക്കണം!

  • പല ക്രൈസ്തവ വിഭാഗങ്ങൾക്കും “വേദപുസ്‍തകം എങ്ങനെ പഠിക്കണം” (How to study the Bible) എന്നൊരു പാഠമുണ്ട്. അത് ഒന്നാന്തരം ചതിക്കെണിയാണ്. അവർ കണ്ടതിനേക്കാൾ കൂടുതൽ നാം കാണരുത് എന്നതാണ് അവരുടെ ദുരുദ്ദേശം.
  • ഏതെങ്കിലും സഭയ്ക്കോ, ക്രൈസ്തവ വിഭാഗത്തിനോ സ്വന്തമായ വേദപുസ്തക പരിഭാഷ ഉണ്ടെങ്കിൽ സൂക്ഷിക്കുക. അതും തട്ടിപ്പാകുവാനുള്ള സാദ്ധ്യതയുണ്ട്. (സൌജന്യമായി കിട്ടുമെങ്കിൽ വാങ്ങിച്ച് വെച്ചോളൂ, വീട്ടിൽ അതിഥികൾ വരുമ്പോൾ തലയിണ തികയാതെവന്നാൽ...)
  • നിങ്ങളുടെ പാസ്റ്റർ വായിക്കരുത് എന്ന് താക്കീത് ചെയ്യുന്ന എല്ലാ പരിഭാഷകളും വാങ്ങി താരതമ്യം ചെയ്ത് പഠിക്കുക. നിങ്ങളുടെ സഭ എന്താണ് നിങ്ങളിൽ നിന്നും മറയ്ക്കുന്നത് എന്നറിയാം.
  • ഒരു പരിഭാഷയിൽ മാത്രം കാണുന്ന വചനങ്ങൾ ചേർക്കപ്പെട്ടവയാകുവാൻ വഴിയുണ്ട്. കരുതലോടെ മാത്രം സമീപിക്കുക.

യേശുവിൻറെ വിശ്വാസത്താൽ രക്ഷിക്കപ്പെട്ടവർ.


ശ്രദ്ധിച്ച് വായിച്ചോളൂ: “യേശുവിൻറെ വിശ്വാസം” എന്നാണ് ഞാൻ എഴുതിയത് “യേശുവിലുള്ള വിശ്വാസം” എന്നല്ല.

ദൈവം വേദപുസ്തകത്തിൻറെ കൈയ്യെഴുത്തുപ്രതികൾക്ക് കാവൽ നിന്നില്ല; ആരംഭത്തിൽ നിന്നേ അന്ത്യവും അറിയാവുന്ന ദൈവം, നമ്മളെ നമ്മുടെ വിശ്വാസത്താൽ രക്ഷിക്കാതെ, യേശുവിൻറെ വിശ്വാസത്താൽ രക്ഷിച്ചു. സഹിക്കാൻ പറ്റുന്നില്ലല്ലേ? വേദപുസ്തകത്തിൽ നിന്നുമുള്ള ഉദാഹരണങ്ങൾ കാണിച്ചാൽ വിശ്വസിക്കുമോ?

സ്കൂളിൽ വിഭക്തി (Grammatical cases) പഠിച്ചത് ഓർമ്മയുണ്ടോ?

ഓർമ്മയില്ലെന്ന് ആരും പറയില്ലല്ലോ, പറഞ്ഞാൽ കുറച്ചിലല്ലേ? ഏതായാലും, വളരെ സംക്ഷിപ്തമായി പറഞ്ഞാൽ: വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി (Grammatical Case) എന്ന് പറയുന്നു. (പട്ടിക കാണുക.)

നാമത്തിൻറെ രൂപഭേദങ്ങൾ
# രൂപഭേദം വിഭക്തി # രൂപഭേദം വിഭക്തി
യേശു നിർദ്ദേശിക
(Nominative).
യേശുവിനാൽ പ്രയോജിക
(Instrumental)
യേശുവിനെ പ്രതിഗ്രാഹിക
(Accusative)
യേശുവിൻറെ സംബന്ധിക
(Genitive / Possessive)
യേശുവിനോട് സംയോജിക
(Conjuctive)
യേശുവിൽ ആധാരിക
(Locative)
യേശുവിന് ഉദ്ദേശിക
(Dative)
യേശൂ, യേശുവേ സംബോധിക.

മലയാളം അടക്കം ബഹുഭൂരിപക്ഷം വേദപുസ്തകങ്ങളിലും ഉള്ളതുപോലെ “യേശുവിൽ വിശ്വസിക്കുക” അല്ലെങ്കിൽ “യേശുവിലെ വിശ്വാസം” എന്ന അർത്ഥം ലഭിക്കണമെങ്കിൽ ഗ്രീക്ക് പാഠത്തിൽ ആധാരിക (Locative) എന്ന വിഭക്തി ഉപയോഗിക്കപ്പെടുമായിരുന്നു. എന്നാൽ സംബന്ധിക (Genitive / Possessive) എന്ന വിഭക്തിയാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അതായത്, യേശുവിൻറെ (ക്രിസ്തുവിൻറെ) വിശ്വാസം എന്നതാണ് ശരിയായ പരിഭാഷ.

യേശുവിൻറെ നാമം / രക്തം / വിശ്വാസം എന്നീ പദസമുച്ചയങ്ങൾ വരുന്ന 3 വചനങ്ങളുടെ ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

പാസ്റ്റർമാർ അല്ലാത്തവർക്ക് ഒരുപക്ഷേ റോബിൻസണിൻറെ രൂപശാസ്ത്രം കാണിക്കുന്ന കോഡുകൾ (Robinson's Morphological Analysis Codes) പരിചിതമായിരിക്കില്ല. ഈ കോഡുകൾ ഉപയോഗിച്ച് ഒരു വാക്കിൻറെ ശബ്‌ദ ഭേദം (നാമം, ക്രിയ, വിശേഷണം), കാലം (ഭൂതം, ഭാവി, വർത്തമാനം), ലിംഗം, വിഭക്തി എന്നിങ്ങനെയുള്ള വിവരങ്ങൾ കണ്ടുപിടിക്കാം. താഴെയുള്ള പട്ടികയിൽ കാണുന്ന N-DSN, N-GSM എന്നിവ പോലെ 1100 കോഡുകൾ ഉണ്ട്.


വാക്ക് സ്ട്രോങ്സ്
സംഖ്യ
റോബിൻ
സൺ കോഡ്
വാക്ക് സ്ട്രോങ്സ്
സംഖ്യ
റോബിൻ
സൺ
കോഡ്
അപ്പൊ 2:38 ഇംഗ്ലീഷ് name G3686 N-DSN of Jesus G2424 N-GSM
ഗ്രീക്ക് ονοματι ιησου
മലയാളം നാമം യേശുവിൻറെ
1യോഹ 1:7 ഇംഗ്ലീഷ് blood G129 N-DSN of Jesus G2424 N-GSM
ഗ്രീക്ക് αιματι ιησου
മലയാളം രക്തം യേശുവിൻറെ
റോമ 3:22 ഇംഗ്ലീഷ് faith G4102 N-GSF of Jesus G2424 N-GSM
ഗ്രീക്ക് πιστεως ιησου
മലയാളം വിശ്വാസം യേശുവിൻറെ

ഈ മൂന്ന് വചനങ്ങളിലും “യേശുവിൻറെ” എന്ന അർത്ഥം ലഭിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിൻറെ റോബിൻസൺ കോഡ് N-GSM ആണ്.
N-GSMൻറെ അർത്ഥം
Part of Speech (ശബ്‌ദ ഭേദം) Noun (നാമം).
Case (വിഭക്തി) Genitive (സംബന്ധിക)
Number (വചനം) Singular (ഏകവചനം)
Gender (ലിംഗം) Masculine (പുല്ലിംഗം)

അതായത്, “യേശുവിൻറെ വിശ്വാസം” എന്നതല്ലാതെ മറ്റെല്ലാ പരിഭാഷകളും തെറ്റാണ്. “യേശുവിൻറെ വിശ്വാസം” എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയിട്ടുള്ള ചില ഇംഗ്ലീഷ് പരിഭാഷകളിൽ നിന്നും:
റോമ 3:22: (KJV) Even the righteousness of God which is by faith of Jesus Christ unto all and upon all them that believe: for there is no difference:
(YLT) and the righteousness of God is through the faith of Jesus Christ to all, and upon all those believing, --for there is no difference,
ഗലാ 2:16(KJV) Knowing that a man is not justified by the works of the law, but by the faith of Jesus Christ...(YLT) having known also that a man is not declared righteous by works of law, if not through the faith of Jesus Christ,...
ഗലാ 3:22:(KJV) But the scripture hath concluded all under sin, that the promise by faith of Jesus Christ might be given to them that believe.
(LITV) But the Scripture locked up all under sin, that the promise by faith of Jesus Christ might be given to the ones believing.
ഫിലി 3:9: (KJV) And be found in him, not having mine own righteousness, which is of the law, but that which is through the faith of Christ, the righteousness which is of God by faith:
(YLT) not having my righteousness, which is of law, but that which is through faith of Christ--the righteousness that is of God by the faith,
[ശരിയാണ്, യേശുവിൻറെ വിശ്വാസം എന്ന പദസമുച്ചയം ചില വചനങ്ങൾ മനസ്സിലാക്കുന്നത് കഠിനമാക്കുന്നുണ്ട്. ആ വചനങ്ങൾ ശരിയായി പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതിന് എന്തുണ്ടുറപ്പ്?]

ഇതിൻറെ വിവക്ഷ എന്താണ്?


മുകളിൽ കൊടുത്തിരിക്കുന്ന ചില വചനങ്ങളിൽ നമ്മുടെ വിശ്വാസത്തെ പറ്റിയും പരാമർശമുണ്ടെങ്കിലും യേശുവിൻറെ വിശ്വാസത്തിനാണ് പ്രാമുഖ്യവും, പ്രാധാന്യവും.നാം ഏത് സഭയിലാണോ ഏറെക്കുറെ ആ സഭയുടെ വിശ്വാസമായിരിക്കും നമ്മുടെ വിശ്വാസവും. ആ സഭയുടെ വിശ്വാസം കുറ്റമറ്റതാണെന്നതിന് ആധാരമില്ല. അതേസമയം യേശുവിൻറെ വിശ്വാസം കുറ്റമറ്റതാണ് (1തിമോ 3:16). അതാണ് നമ്മുടെ രക്ഷയുടെ ആധാരം.

അതുകൊണ്ടുതന്നെ ഉപദേശത്തിൻറെ ഓരോ കാറ്റിനാൽ അലഞ്ഞുഴന്ന് കണ്ണൂരുകാരൻ ഉപദേശിയുടെയും അടൂരുകാരൻ പ്രവാചകൻറെയും പുറകെ ഓടേണ്ട കാര്യമില്ല. നാം എവിടെ, ഏത് സഭയിൽ, ആയിരുന്നാലും നമ്മുടെ രക്ഷ യേശുവിൻറെ വിശ്വാസത്തിൽ ഭദ്രമാണ്.

ഈ പരമ്പര ഇവിടെ അവസാനിക്കുന്നു (എന്ന് കരുതുന്നു). വിശ്വാസപ്രമാണങ്ങൾക്ക് വേണ്ടി കൊല്ലും കൊലയും യുദ്ധങ്ങളും നടത്തിയവരുണ്ട്. അവരുടെ വിശ്വാസപ്രമാണങ്ങളെ സാധൂകരിക്കുവാനാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും സമയം ചെലവഴിക്കുന്നത്. വിശ്വാസപ്രമാണങ്ങൾക്ക് നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നെങ്കിൽ യേശുവിൻറെ ആവശ്യമില്ലല്ലോ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Thursday, January 26, 2017

④ വേദപുസ്തകത്തിലെ തിരുത്തലുകൾ.

ക്രിസ്തുവിൽ പ്രിയരെ,

സിഗരറ്റ് പാക്കറ്റുകളുടെ മുകളിൽ: “നിയമപരമായ മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന്‌ ഹാനികരം” എന്ന് ചെറുതായി എഴുയിരുന്നത് പുകവലി നിയന്ത്രിക്കുന്നതിൽ ഫലപ്രദമായില്ല എന്ന് മനസ്സിലാക്കിയ വകുപ്പുമന്ത്രി കൽപിച്ചു: സിഗരറ്റ് പാക്കറ്റിൻറെ പുറം മുഴുവൻ തൊണ്ടയ്ക്ക് ക്യാൻസർ പിടിച്ച ആളുടെ പടം പ്രദർശിപ്പിക്കണമെന്ന്. പ്രദർശിപ്പിച്ചു. അത് കണ്ടതിനാൽ ആരെങ്കിലും പുകവലി നിർത്തിയോ? നിർത്തുമോ?

ഞാൻ എൻറെ ജീവിതത്തിലെ 8-10 വർഷങ്ങൾ ഹീബ്രൂ ഭാഷ പഠിക്കുവാനും പഴയനിയമം ഹീബ്രൂ ഭാഷയിൽ നിന്നും പരിഭാഷപ്പെടുത്തുവാനും ശ്രമിച്ചു (അത് ഇടയ്ക്കുവെച്ച് നിർത്തിവെച്ചു). ആ കാലഘട്ടത്തിൽ തങ്ങളുടെ വിശ്വാസങ്ങൾക്കും പ്രബോധനങ്ങൾക്കും അനുസൃതമായി പരിഭാഷ ചെയ്തുകൊടുക്കാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടും അതിന് പ്രതിഫലമായി വലിയ തുകകൾ വാഗ്ദാനം ചെയ്തുകൊണ്ടും പല ക്രൈസ്തവ വിഭാഗങ്ങൾ ഈ-മെയിൽ, ഫോൺ, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങളിലൂടെ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. (എനിക്ക് പരിചയമുള്ള പല പരിഭാഷകർക്കും ഇത്തരം പ്രലോഭനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.)

വേദപുസ്തകത്തിലുള്ള വചനങ്ങളോട് ചേർക്കുകയോ, അവയിൽ നിന്നും എന്തെങ്കിലും നീക്കുകയോ, അവയെ തിരുത്തുകയോ ചെയ്യരുതെന്നും, അങ്ങനെ ചെയ്താൽ ശിക്ഷ ലഭിക്കുമെന്നും വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും (ആവ 4:2; സദൃ 30:6; വെളി 22:18-19) മുന്നറിയിപ്പുകൾ വകവെക്കാത്ത പുകവലിക്കാരെ പോലെ തിരുത്തേണ്ടവർ തിരുത്തി.

യേശുവും ശിഷ്യന്മാരും പഴയനിയമത്തിൽ നിന്നും ഉദ്ധരിച്ചിട്ടുള്ള പല കാര്യങ്ങളും നാം ഉപയോഗിക്കുന്ന പഴയനിയമത്തിൽ കാണുവാനില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോൾ ഒരു വാക്ക് മാത്രമായിരിക്കും കാണാതിരിക്കുന്നത്, പലപ്പോഴും വചനങ്ങൾ മൊത്തമായി കാണാതിരിക്കാം, അല്ലെങ്കിൽ പഴയനിയമത്തിൽ മറ്റൊരു അർത്ഥമാകാം ഉള്ളത്.

ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ യെഹൂദർ തയ്യാറാക്കിയ മസോറട്ടിക് പാഠം (Masoretic Text) എന്ന പഴയനിയമത്തിൻറെ പരിഭാഷയാണ് നാം ഉപയോഗിക്കുന്ന പഴയനിയമം എന്നതാണ് ഇത്തരം വ്യത്യാസങ്ങൾക്ക് കാരണം. ക്രിസ്തുവിന് 2-3 നൂറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് എന്ന ഗ്രീക്ക് പരിഭാഷയിൽ ഈ വചനങ്ങളെല്ലാം കൃത്യമായി കാണപ്പെടുന്നു എന്നത് യാദൃച്ഛികമാകുവാൻ തരമില്ല.

ചില ഉദാഹരണങ്ങൾ
പുതിയനിയമംപഴയനിയമംസെപ്റ്റ്വജിൻറ്
മത്താ 12:21 അവൻറെ നാമത്തിൽ വിജാതീയർ പ്രത്യാശവെക്കും.യെശ 42:4 ... അവൻറെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.യെശ 42:4 in his name shall the Gentiles trust.” (അവൻറെ നാമത്തിൽ വിജാതീയർ പ്രത്യാശവെക്കും.)
ലൂക്കോ 3:5, 6 “...സകല മനുഷ്യരും ദൈവത്തിൻറെ രക്ഷ കാണുകയും ചെയ്യും.”യെശ 40:5 ... യഹോവയുടെ മഹത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും;യെശ 40:5 And the glory of the Lord shall appear, and all flesh shall see the salvation of God...(... സകല മനുഷ്യരും ദൈവത്തിൻറെ രക്ഷ കാണുകയും ചെയ്യും..).
എബ്രാ 10:5 ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.സങ്കീ 40:6 ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാൽ, അവിടുന്ന് എൻറെ കാതുകൾ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല.സങ്കീ 40:6 Sacrifice and offering thou wouldest not; but a body hast thou prepared me: whole-burnt-offering and sacrifice for sin thou didst not require. (ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.)
ലൂക്കോ 3:5, 6 “...സകല മനുഷ്യരും ദൈവത്തിൻറെ രക്ഷ കാണുകയും ചെയ്യും.”യെശ 40:5 ... യഹോവയുടെ മഹത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും;.യെശ 40:5 And the glory of the Lord shall appear, and all flesh shall see the salvation of God...(കർത്താവിൻറെ തേജസ്സ് വെളിപ്പെടും. സകല മനുഷ്യരും ദൈവത്തിൻറെ രക്ഷ കാണുകയും ചെയ്യും..).
എബ്രാ 1:6 വീണ്ടും, തൻറെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ദൈവത്തിൻറെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ.ആവ 32:43 ജാതികളേ, അവൻറെ ജനത്തോട് കൂടെ ഉല്ലസിക്കുവിൻ, അവൻ സ്വന്തം ദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; ...ആവ 32:43 Rejoice, ye heavens, with him, and let all the angels of God worship him; rejoice ye Gentiles, with his people, ...(ദൈവത്തിൻറെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ.)

ഇനിയും എത്രയോ ഉദാഹരണങ്ങൾ

ഇത്തരം വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചാലും വേദപണ്ഡിതന്മാർ അവയെ വിശദീകരിച്ചും വ്യാഖ്യാനിച്ചും തള്ളിക്കളയും, കാരണം, അവരുടെ മതത്തിന് വേണ്ടി നുണ പറയുന്നതാണ് അവരുടെ തൊഴിൽ.

വേദപുസ്തകം തിരുത്തിയവർ വ്യക്തമായ ലക്ഷ്യത്തോടെയാണ് തിരുത്തിയത്. അവരുടെ സ്വന്തം മിശിഹ ആയിരുന്ന യേശുവിനെ കൊലപ്പെടുത്തിയ യെഹൂദർ വേദപുസ്തകത്തിൽ അവിടത്തേയ്ക്ക് മഹിമ ലഭിക്കുന്ന ഭാഗങ്ങൾ ബാക്കിവെക്കും എന്ന് കരുതുന്നവരേക്കാൾ മണ്ടന്മാർ വേറെയില്ല. ഇത്രയുമെല്ലാം ചെയ്തുകഴിഞ്ഞ് ക്രൈസ്തവർ സെപ്റ്റ്വജിൻറ് തിരുത്തി എന്നാണ് അവർ ആരോപിക്കുന്നത്.

ക്രൈസ്തവർ നടത്തിയ തിരുത്തലുകൾ.


ആദിമസഭയിൽ പരിച്ഛേദനക്കാർ ഉണ്ടാക്കിയ അലോസരത്തെ പറ്റി നാം വേദപുസ്തകത്തിൽ വായിക്കുന്നുണ്ട്. യെഹൂദർ മാത്രമല്ല, എല്ലാ ജാതികളിലും മതങ്ങളിലും നിന്ന് ക്രൈസ്തവ മാർഗത്തിലേയ്ക്ക് വന്നവർ അവർ വിട്ടുവന്ന ജാതിയുടെയോ, മതത്തിൻറെയോ വിഴുപ്പുഭാണ്ഡവും പേറിക്കൊണ്ടാണ് വന്നത്. അങ്ങനെയുള്ളവർ രാഷ്ട്രീയവും മതപരവുമായ അധികാരത്തിൽ എത്തിയാൽ അതിൻറെ പ്രത്യാഘാതങ്ങൾ ചിന്തിക്കാവുന്നതാണ്. ക്രൈസ്തവ വിശ്വാസപ്രമാണത്തിന്മേൽ നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറൈന് ഉണ്ടായിരുന്ന സ്വാധീനം ചെറുതല്ല.

ഏകദേശം 12 നൂറ്റാണ്ടുകളോളം വേദപുസ്തകം കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്നത് നിഷേധിക്കുവാൻ കഴിയില്ല. അവർ വേദപുസ്തകത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടാവില്ലേ? ഇല്ലെന്നും ഉണ്ടെന്നും വാദിക്കുന്നവർ കത്തോലിക്കരിലും പ്രൊട്ടസ്റ്റൻറുകാരിലും ഉണ്ട്.

യെഹൂദരുടെ താൽമഡ് (Talmud, പഴയനിയമം) പരിശോധിക്കുവാനും, സെന്‍സര്‍ ചെയ്യുവാനും പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റെയ്മണ്ട് മാർട്ടിനി  എന്ന പാതിരിയെ നിയമിച്ചതിലെ ധാർഷ്ട്യം ശ്രദ്ധേയമാണ്. അദ്ദേഹമാണ് താൽമഡ് കത്തിച്ചുകളയരുതെന്ന് നിർദ്ദേശിച്ചത് പോലും. അതായത്, കത്തോലിക്കാ സഭയ്ക്ക് താൽമഡ് കത്തിച്ചുകളയുവാൻ പരിപാടി ഉണ്ടായിരുന്നു.

രണ്ടാം നൂറ്റാണ്ട് മുതൽ ഉണ്ടാക്കപ്പെട്ട പൂർണ്ണവും പൂർണ്ണവുമായ ഏകദേശം 24,000 കൈയ്യെഴുത്തുപ്രതികൾ പുതിയനിയമത്തിനുണ്ട്, 10,000 കൈയ്യെഴുത്തുപ്രതികൾ പഴയനിയമത്തിനും. ഇവയിൽ നിന്നുമാണ് വേദപുസ്തകം ക്രോഡീകരിച്ചിരിക്കുന്നത്. പല കൈയ്യെഴുത്തുപ്രതികളിലും അത് ഉണ്ടാക്കിയവരുടെ മുൻവിധികൾക്ക് അനുസൃതമായ തിരുത്തലുകളും നീക്കുപോക്കുകളും വരുത്തിയിട്ടുണ്ട്. ചില വചനങ്ങൾ ചേർത്തിട്ടുണ്ട്, ചില വചനങ്ങൾ നീക്കിയിട്ടുണ്ട്.

പ്രോട്ടസ്റ്റൻറ് വിഭാഗത്തിൻറെ വിശ്വസപ്രമാണങ്ങളുടെ അടിസ്ഥാനമായ കിങ് ജെയിംസ് വേർഷൻറെ (KJV - King James Version or Authorized Version) പുതിയനിയമം ലത്തീൻ ഭാഷയിലെ വൾഗേറ്റ് എന്ന കത്തോലിക്കരുടെ വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിൽ ഡെസിഡീറിയസ് ഇറാസ്മസ് (പതിനാറാം നൂറ്റാണ്ട്) എന്ന കത്തോലിക്കാ പുരോഹിതൻ തയ്യാറാക്കിയ ഗ്രീക്ക് കൈയ്യെഴുത്തുപ്രതിയുടെ (ടെക്സ്റ്റസ് റിസെപ്റ്റസ്, Textus Receptus) പരിഭാഷയാണ്. അതായത്, KJV ഒരു പരിഭാഷയുടെ പരിഭാഷയാണ്. മൂലകൃതിയുടെ പരിഭാഷയല്ല.

ഏതെങ്കിലും വചനമോ, പദസമുച്ചയമോ ഏറ്റവും പ്രാചീനമായ ബഹുഭൂരിപക്ഷം കൈയ്യെഴുത്തുപ്രതികളിലും ഇല്ലെങ്കിൽ അത് ചേർക്കപ്പെട്ട വചനമാണെന്നത് സ്പഷ്ടമാണ്. അതുപോലെ തന്നെ, പഴയനിയമത്തിലോ, ന്യായപ്രമാണത്തിലോ ഇന്ന കാര്യം പറഞ്ഞിട്ടുണ്ട് എന്ന് പുതിയനിയമത്തിലെ ഏതെങ്കിലും വചനത്തിൽ പരാമർശിക്കപ്പെട്ടിട്ടും അതിന് തത്തുല്യമായ പഴയനിയമത്തിലെ പരാമർശം കണ്ടെത്തുവാൻ കഴിയില്ലെങ്കിൽ:
  • ഒന്നുകിൽ അത്തരം പരാമർശമുള്ള പുതിയനിയമത്തിലെ വേദഭാഗം ചേർക്കപ്പെട്ടതാണ്.
  • അല്ലെങ്കിൽ അങ്ങനെയുള്ള പരാമർശം പഴയനിയമത്തിൽ നിന്നും ആരോ നീക്കിക്കളഞ്ഞതാണ്.

ഉദാഹരണം: 1യോഹ 5:7-8


(ഇതാ, ഇപ്പോൾ ചിലരുടെ “മതം” പൊട്ടും.)

1യോഹ 5:7, 8 വചനങ്ങൾ ഇംഗ്ലീഷിലെ കെ.ജെ.വിയിലും (കിങ്‍ ജെയിംസ് വെർഷൻ) മലയാളത്തിലും ഉള്ളത് തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ടോ? (കെ.ജെ.വിയിൽ അധികമായി ചേർക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.)
1Jn 5:7 For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. (KJV, സ്വർഗത്തിൽ സാക്ഷ്യം പറയുന്നവർ 3 പേർ: പിതാവ്, വചനം, പരിശുദ്ധാത്മാവ്: ഇവർ മൂന്നും ഒന്നാണ്.)
1യോഹ 5:7 ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവ് സത്യമാണ്.
1Jn 5:8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one. (KJV, ഭൂമിയിൽ സാക്ഷ്യം പറയുന്നവർ 3: പേരുണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിൻറെയും സാക്ഷ്യം ഒന്നുതന്നെ) 
1യോഹ 5:8 സാക്ഷ്യം പറയുന്നവർ 3 പേരുണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിൻറെയും സാക്ഷ്യം ഒന്നുതന്നെ.
കെ.ജെ.വിയിൽ അധികമായി കാണുന്ന ഭാഗങ്ങൾ പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു കൈയ്യെഴുത്തുപ്രതിയിലും ഇല്ല. മുമ്പ് പരാമർശിച്ച ഡെസിഡീറിയസ് ഇറാസ്മസ് അദ്ദേഹത്തിൻറെ ഗ്രീക്ക് കൈയ്യെഴുത്തുപ്രതി (Novum Instrumentum omne) 1516ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിലും ഈ ഭാഗങ്ങൾ ഉണ്ടായിരുന്നില്ല. ആ കൃതിയുടെ ആദ്യത്തെ രണ്ട് പതിപ്പുകളിലും ഈ ഭാഗങ്ങൾ ഇല്ലായിരുന്നു. മൂന്നാം പതിപ്പിലാണ് ഈ ഭാഗങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ വചനങ്ങളുടെ ആധികാരികതയെ പറ്റി ഇറാസ്മസിന് സംശയം ഉണ്ടായിരുന്നു. ഈ കൈയ്യെഴുത്തുപ്രതിയാണ് കിങ് ജെയിംസ് പരിഭാഷയുടെ ആധാരം.

നാലാം നൂറ്റാണ്ടിൽ നിന്നുമുള്ള സീനായ് (സീനായ്ടിക് ) കൈയ്യെഴുത്തുപ്രതിയിൽ കെ.ജെ.വിയിൽ കാണുന്ന ചേർക്കപ്പെട്ട ഭാഗങ്ങൾ ഇല്ല. (ചിത്രം കാണുക. ഈ ലിങ്കിൽ അമർത്തിയാൽ കൈയ്യെഴുത്തുപ്രതി കാണാം.)

സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങൾക്ക് അനുസൃതമായാണ് ഈ വചനങ്ങൾ ചേർത്തത് എന്നതാണ് ഒരു ന്യായീകരണം. 
  • ഈ ലേഖനം യോഹന്നാൻറെയാണോ അതോ സഭാപിതാക്കന്മാരുടെയാണോ? 
  • ദൈവവചനത്തിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തരുത് എന്ന നിബന്ധന സഭാപിതാക്കന്മാർക്ക് ബാധകമല്ലേ?
വേദപുസ്തകത്തിൽ വരുത്തിയിട്ടുള്ള ഏതാനും ചില തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും മാത്രമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. 

നാം വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ വിവേചനബുദ്ധി വേണം എന്നല്ലാതെ, വേദപുസ്തകം വലിച്ചെറിയണം എന്നല്ല എൻറെ താൽപര്യം.

തുടരും,
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Wednesday, January 25, 2017

③ കൈയ്യെഴുത്തുപ്രതികളെ പറ്റി.

ക്രിസ്തുവിൽ പ്രിയരെ,

[കൈയ്യെഴുത്തുപ്രതികളെ പറ്റി വിശദമായ ഒരു പഠനമല്ല ഈ ലേഖനത്തിൻറെ ഉദ്ദേശ്യം. നമുക്ക് അൽപം യാഥാർത്ഥ്യബോധം ഉണ്ടാവണം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.]

ബഹുഭൂരിപക്ഷം ക്രൈസ്തവരുടെയും ധാരണ ദൈവം വേദപുസ്തകത്തിൻറെ കൈയ്യെഴുത്തുപ്രതികൾ സംരക്ഷിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു എന്നാണ്. മോശെ മുതൽ യോഹന്നാനും യൂദയും വരെയുള്ള വേദപുസ്തക രചയിതാക്കളിൽ മത്തായിയുടെ കൈപ്പടയിൽ എഴുതപ്പെട്ട, ഏകദേശം ഒരു നഖത്തിൻറെ അത്രയും വലിപ്പമുള്ള മൂന്ന് പാപ്പിറസ് തുണ്ടുകൾ ഒഴികെ,
യഥാർത്ഥ കൈയ്യെഴുത്തുപ്രതികൾ ഒന്നും ബാക്കിയില്ല. (ജീസസ് പാപ്പിറസ്, ചിത്രം കാണുക)

മോശെ മരിച്ചത് ക്രി.മു.1201ൽ ആണെങ്കിൽ, പഴയനിയമത്തിൻറെ ഏറ്റവും പഴക്കമുള്ള കൈയ്യെഴുത്തുപ്രതി ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ഗ്രീക്ക് പഴയനിയമം (സെപ്റ്റ്വജിൻറ്, Septuagint) ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. അതായത് മോശെ മുതൽ മലാഖി വരെയുള്ള ആരും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരക്ഷരം പോലും നിലവിലില്ല.

മിക്കവാറും പ്രൊട്ടസ്റ്റൻറ് വേദപുസ്തകങ്ങളിലെ പഴയനിയമത്തിന് ആധാരമായ മസോറട്ടിക് പാഠം (Masoretic Text) ക്രിസ്തബ്ദം ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ യെഹൂദർ തയ്യാറാക്കിയതാണ്. ഈ പാഠവും ക്രിസ്തുവിന് 2-3 നൂറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് പരിഭാഷയുമായി കാര്യമായ വ്യത്യാസം ഉണ്ട്. ഇല്ലെന്ന് അവകാശപ്പെടുന്നവർ കണ്ണടച്ച് ഇരുട്ടാക്കുവാൻ ശ്രമിക്കുകയാണ്.(ഇതിനെ പറ്റി അടുത്ത ലേഖനത്തിൽ ഉണ്ട്.)

പുതിയനിയമത്തിൻറെ ഏറ്റവും പഴയ പൂർണ്ണമായ കൈയ്യെഴുത്തുപ്രതി രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ദൈവം കൈയ്യെഴുത്തുപ്രതികൾക്ക് പാറാവ് നിന്നില്ല. നാം ഇപ്പോൾ ഉപയോഗിക്കുന്ന വേദപുസ്തകത്തിൻറെ മൂലകൃതികളെല്ലാം ആയിരകണക്കിന് ചെറിയ, ജീർണ്ണിച്ച തുണ്ടുകളിൽ നിന്നും ഉണ്ടാക്കിയെടുത്തതാണ്.

വിദ്യാഭ്യാസ വകുപ്പ് 1955ൽ അച്ചടിച്ച പത്താം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൻറെ പത്ത് പ്രതികൾ കീറിപ്പറിച്ച് പലേടത്തായി ചിതറിയിട്ട്, വീണ്ടും ആ തുണ്ടുകൾ പെറുക്കിയെടുത്തു എന്ന് കരുതുക. എല്ലാ തുണ്ടുകളും തിരിച്ചുകിട്ടിയില്ലെങ്കിലും, കിട്ടിയ തുണ്ടുകൾ ചേർത്തുവെച്ച് യഥാർത്ഥ പുസ്തകം ഉണ്ടാക്കിയെടുക്കുവാൻ കഴിയും. അന്ന് ആ പുസ്തകം നന്നായി പഠിച്ചിട്ടുള്ള ആരെങ്കിലും സഹായിച്ചാൽ പുസ്തകം പുനഃസ്ഥാപിക്കുന്ന പണി എളുപ്പമാകും. ഏതെങ്കിലും കാരണത്താൽ വിദ്യാഭ്യാസ വകുപ്പ് 1956ൽ ആ പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്ന് കരുതുക. 1955ലെയും 1956ലെയും പാഠപുസ്തകങ്ങൾ ചേർത്താണ് മുമ്പ് പറഞ്ഞ പരീക്ഷണം നടത്തിയതെങ്കിൽ സംഗതികൾ കൂടുതൽ വിഷമകരമാകും. വേദപുസ്തകത്തിൻറെ പഴകി, ജീർണ്ണിച്ച കൈയ്യെഴുത്തുപ്രതികൾ ചേർത്തുവെച്ച്, അവയുടെ മൂലരൂപം ഉണ്ടാക്കിയെടുക്കുന്നത് എളുപ്പമല്ല.

കൈയ്യെഴുത്തുപ്രതികളെ കണ്ടുപിടിക്കുവാനും, അവയെ സംരക്ഷിക്കുവാനും, അവയിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യുവാനും കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും നാം നന്ദിയുള്ളവരായിക്കണം. അതേസമയം, പിഴവുകൾ സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയരുത്.

തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Tuesday, January 24, 2017

② പരിഭാഷയിലെ വാരിക്കുഴികൾ.

ക്രിസ്തുവിൽ പ്രിയരെ,

വളരെ അപ്രധാനമായ ഒരു വചനം:
...മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? (ഇയ്യോ 6:6)
... is there any taste in the white of an egg? (Job 6:6, KJV)
മുട്ടയുടെ വെള്ളയ്ക്ക് തീർച്ചയായും രുചിയുണ്ട്. ബഹുഭൂരിപക്ഷം പേർക്കും മുട്ടയുടെ വെള്ളക്കരുവാണ് ഇഷ്ടം. കൊഴുപ്പിനെ (കൊളസ്ട്രോൾ) ഭയക്കാത്തവർ പോലും മഞ്ഞക്കരു ഉപേക്ഷിച്ച്, വെള്ളക്കരു കഴിക്കുന്നത് കാണാം.

യഥാർത്ഥത്തിൽ ഇവിടെ മുട്ടയെ പറ്റി പരാമർശിച്ചിട്ടില്ല. വശള പോലെയുള്ള കൊലുപ്പ (purslane) അല്ലെങ്കിൽ ഊരകം (mallow) എന്ന ഒരുതരം ചീരയും അതിൻറെ തണ്ടിലെ കൊഴുത്ത ദ്രവവുമാണ് (sap, slime) ഈ വചനത്തിൽ പ്രതിപാദിക്കപ്പെടുന്നത്.
RSV: ...is there any taste in the slime of the purslane?
ESV: ...is there any taste in the juice of the mallow?
ഇത്രയും ലളിതവും അപ്രധാനവുമായ ഒരു വചനം തെറ്റായി പരിഭാഷപ്പെടുത്തിയെങ്കിൽ കൂടുതൽ സങ്കീർണമായ വചനങ്ങൾ എത്രമാത്രം തെറ്റിയിരിക്കാം?

പരിഭാഷയിലെ വാരിക്കുഴികൾ.


ഇംഗ്ലീഷിലും മലയാളത്തിലും അതുല്യമായ നൈപുണ്യമുണ്ടായിരുന്ന ഓ.വി.വിജയൻ അദ്ദേഹത്തിൻറെ “ഖസാക്കിൻറെ ഇതിഹാസം” ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോൾ നേരിട്ട ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളെ പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സ്വന്തം കൃതിയാണ് പരിഭാഷപ്പെടുത്തേണ്ടത്, എന്നിട്ടും അദ്ദേഹത്തിന് തടസ്സങ്ങൾ നേരിട്ടെങ്കിൽ, 2000 മുതൽ 3500 വരെ വർഷങ്ങൾക്ക് മുമ്പ്, അന്യംനിന്നുപോയ ഭാഷകളിലും, സാംസ്കാരിക പശ്ചാത്തലത്തിലും, ഏകദേശം 40 പേർ എഴുതിയ വേദപുസ്തകം ഇന്ന് ആർക്കെങ്കിലും കൃത്യമായി പരിഭാഷപ്പെടുത്തുവാൻ കഴിയുമെന്ന് കരുതുന്നതിനേക്കാൾ വലിയ മൌഢ്യമില്ല.

ഒരു ഉദാഹരണം:


പുതിയ നിയമം എഴുതപ്പെട്ട കൊയ്നെ ഗ്രീക്ക് ഭാഷയിലെ ചില വാചകങ്ങളെ തൻറെ ദൈവശാസ്ത്രവുമായി പൊരുത്തപ്പെടുത്തുവാൻ ഗ്രാൻവിൽ ഷാർപ് എന്ന ആൾ ചില വ്യാകരണ നിയമങ്ങൾ ഉണ്ടാക്കി. (Granville Sharp Rule). പക്ഷേ, സൂക്ഷ്മപരിശോധനയിൽ ആ നിയമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതായി അദ്ദേഹത്തെ പോലെ ത്രിത്വത്തിൽ വിശ്വസിക്കുന്ന പണ്ഡിതന്മാർ പോലും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കൃത്യതയുള്ള വ്യാകരണ നിയമങ്ങൾ ഉണ്ടാകാത്തതിനാൽ നാം വായിക്കുന്ന പരിഭാഷകൾ എല്ലാം അത്തരം നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളവയാണ്. വേദപുസ്തകത്തിൻറെ രചയിതാക്കൾ ഉദ്ദേശിച്ച അർത്ഥം തന്നെയാണോ പരിഭാഷകളിൽ ഉള്ളത് എന്ന് ആർക്കറിയാം? (ഷാർപിൻറെ നിയമങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള പരിഭാഷകൾ വ്യാഖ്യാനിക്കുവാനും ഇതേ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.)

(മലയാള ഭാഷയുടെ വ്യാകരണം തിട്ടപ്പെടുത്തിയ ഏ. ആർ. രാജരാജ വർമ്മയും, കേരളവർമ്മ വലിയകോയി തമ്പുരാനും ഭാഷാപണ്ഡിതന്മാർ ആയിരുന്നു. ഗ്രാൻവിൽ ഷാർപ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളും.)

പരിഭാഷകളും മുൻവിധികളും.


തെലുങ്കിലെ ഒരു കഥയുടെ രണ്ട് മലയാളം പരിഭാഷകൾ നിങ്ങളുടെ കൈയ്യിൽ തന്നിട്ട്, ഇവയിൽ ഏതാണ് നല്ല പരിഭാഷ എന്ന് അഭിപ്രായം പറയുവാൻ പറഞ്ഞാൽ, നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെന്നുവരും, കാരണം, മൂലകൃതി വായിക്കാത്ത നിങ്ങൾക്ക് പരിഭാഷയുടെ കൃത്യതയെ പറ്റി അഭിപ്രായം പറയുവാൻ കഴിയില്ല. തെലുങ്കും മലയാളവും അറിയാവുന്ന ഒരാൾ മൂലകൃതിയും പരിഭാഷകളും താരതമ്യപ്പെടുത്തിയാൽ മാത്രമേ പരിഭാഷ പിഴവറ്റതാണോ എന്ന് പറയുവാൻ കഴിയൂ.

പലരും ഇന്ന പരിഭാഷയാണ് നല്ലത്, ഇന്ന പരിഭാഷ തെറ്റാണ് എന്ന് വാദിക്കാറുണ്ട്. പരിഭാഷ നല്ലതോ ചീത്തയോ എന്ന് അറിയണമെങ്കിൽ നാം മൂലകൃതി വായിച്ചിരിക്കണം. പതിനായിരക്കണക്കിന് കൈയ്യെഴുത്തുപ്രതികളിൽ ഒന്നുപോലും കണ്ടിട്ടില്ലാത്ത നാം ഒരു പരിഭാഷ നല്ലതോ ചീത്തയോ എന്ന് എങ്ങനെ നിശ്ചയിക്കും?

പുതിയതായി കണ്ടെത്തിയ പഴയ കൈയ്യെഴുത്തുപ്രതികളും പുതിയ പരിഭാഷകളും.


1611ൽ കിങ്‍ ജെയിംസ് പരിഭാഷ (KJV, കെ.ജെ.വി) പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം അനേകം കൈയ്യെഴുത്തുപ്രതികൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി: ചാവുകടൽ ചുരുളുകൾ (Dead Sea Scrolls) 1947-1956 കാലഘട്ടത്തിൽ കണ്ടുപിടിക്കപ്പെട്ടതാണ്. സിനായ്ടിക് കയ്യെഴുത്തുപ്രതി (Codex Sinaiticus) പത്തൊമ്പതാം നൂറ്റാണ്ടിലാണ് കണ്ടുപിടിക്കപ്പെട്ടത്. പല പുതിയ പരിഭാഷകളും ഇത്തരം കയ്യെഴുത്തുപ്രതികളുടെ അടിസ്ഥാനത്തിൽ ഉള്ളവയാണ്. അവയിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ ചിലർ വെപ്രാളപ്പെടുന്നത് കാണാം. ഗൂഗിളിൽ KJV only (കെ.ജെ.വി മാത്രം) എന്ന് തേടിയാൽ ഇങ്ങനെ വഴക്കിടുന്നവരെ കാണാം. കെ.ജെ.വി പരിഭാഷ അവർക്ക് മതവും ദൈവവുമാണ്.

പല ക്രൈസ്തവരും ഇന്ന പരിഭാഷ (വിശേഷിച്ചും കെ.ജെ.വി) ദൈവത്താൽ പ്രചോദിതമാണെന്നും, ഇന്നിന്ന പരിഭാഷകൾ സാത്താൻറെ വായിൽ നിന്നും, നരകത്തിൻറെ അടിത്തട്ടിൽ നിന്നുമുള്ളതാണ് എന്നും പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത്: അവരുടെ മതത്തിൻറെ വിശ്വാസപ്രമാണങ്ങൾക്കും, അവരുടെ മുൻവിധികൾക്കും അടിസ്ഥാനമായ വാക്കുകളോ, വചനങ്ങളോ അവർ എതിർക്കുന്ന പരിഭാഷകളിൽ ഇല്ലെന്നാണ്, അതല്ലാതെ, അവർ കൈയ്യെഴുത്തുപ്രതികൾ പഠിച്ചതിനാൽ അല്ല.

സെമിനാരികളിലും ബൈബിൾ കോളേജുകളിലും പഠിച്ചതുകൊണ്ട് ആർക്കും പരിഭാഷകളെ വിലയിരുത്തുവാനുള്ള ഭാഷാപരിജ്ഞാനം ഉണ്ടാവില്ല. ചില മലയാളികളോട് “തമിഴ് തെരിയുമാ?” എന്ന് ചോദിച്ചാൽ “കൊഞ്ചം, കൊഞ്ചം അറിയാം” എന്ന് പറയുന്ന അത്രയുമോ, ചില തമിഴരോട് “മലയാളം മനസ്സിലാകുമോ?” എന്ന് ചോദിച്ചാൽ “കൊരച്ച്, കൊരച്ച് മനസ്സിലാകും” എന്ന് പറയുന്ന അത്രയുമോ പോലും ഹീബ്രൂ, ഗ്രീക്ക്, അരാമ്യ ഭാഷകൾ ഈ “പണ്ഡിതന്മാർക്ക്” അറിയില്ലെന്നത് സത്യമാണ്. അവർ സ്ട്രോങ്സ് ശബ്‌ദസൂചി (Strong's Concordance) ഉപയോഗിച്ചാണ് അവർ പാണ്ഡിത്യം പ്രദർശിപ്പിക്കുന്നത്.

വേദപുസ്തകത്തിൽ 60ൽ അധികം വിധത്തിലുള്ള അലങ്കാര പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ ചിലതിൻറെയൊക്കെ പേരുകൾ ഉച്ചരിക്കുവാൻ പോലും നമുക്ക് കഴിയില്ല. നാം ഇപ്പോഴും വേദപുസ്തകം പഠിക്കുന്നത് വ്യാകരണത്തിൻറെയും വാക്കുകളുടെ അർത്ഥത്തിൻറെയും അടിസ്ഥാനത്തിലാണ്.

സുഖിപ്പിക്കുവാനുള്ള പരിഭാഷകൾ.

Gen 16:12 And he will be a wild man... (KJV)
ഉൽ 16:12 അവൻ (യിശ്മായേൽ) കാട്ടുകഴുതയെ പോലെ ഉള്ള മനുഷ്യൻ ആയിരിക്കും...
ഇവിടെ ഉപയോഗിച്ചിട്ടുള്ള ഹീബ്രൂ വാക്ക് (פֶּרֶה    פֶּרֶא, peh'-reh, peh'-reh, സ്ട്രോങ്സ് # H6501) മറ്റെല്ലായിടത്തും (ഇയ്യോ 6:5; 11:12; 24:5; 39:5; സങ്കീ 104:11; യെശ 32:14; യിരെ 2:24; 14:6; ഹോശെ 8:9) “wild ass” (കാട്ടുകഴുത) എന്ന് പരിഭാഷപ്പെടുത്തിട്ട്, ഈയൊരു വചനത്തിൽ മാത്രം “wild man” (കാട്ടു മനുഷ്യൻ) എന്ന് പരിഭാഷപ്പെടുത്തിയത് യിശ്മായേലിൻറെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്ന മതക്കാരെ സുഖിപ്പിക്കുവാനാണ്. ഇതര മതക്കാരോട് നമുക്ക് വഴക്കില്ലെങ്കിലും സത്യത്തിനും ദൈവവചനത്തിനും ഒത്തുതീർപ്പുകൾ അനുവദിക്കാമോ? കെ.ജെ.വി പരിഭാഷയ്ക്ക് മുമ്പും പിമ്പുമുള്ള അനേകം പരിഭാഷകളിൽ മലയാളത്തിലെ പോലെ കാട്ടുകഴുത പോലെയുള്ള മനുഷ്യൻ എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. (ഉദാ: RSV, Bishops)

ചില ദേശക്കാരെയും, ഭൂഖണ്ഡക്കാരെയും സുഖിപ്പിക്കുവാൻ നടത്തിയ ഒത്തുതീർപ്പുകളും കൂടെ (കെ.ജെ.വിയിൽ മാത്രമല്ല) എഴുതി ഈ ലേഖനം ഇനിയും ദീർഘിപ്പിക്കുന്നില്ല.

“ഒരുവൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ അവൻറെ വേദപുസ്തകവും എടുത്ത്, എന്നെ അനുഗമിക്കട്ടെ” എന്ന് കർത്താവ് പറഞ്ഞിട്ടില്ല എന്ന് ഓർക്കുക.

തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Monday, January 23, 2017

① സഭാപിതാക്കന്മാർ, സഭയുടെ പാരമ്പര്യം.

ക്രിസ്തുവിൽ പ്രിയരെ,

ലോകത്തിൽ മൊത്തം 41,000ത്തിൽ അധികം ക്രൈസ്തവ വിഭാഗങ്ങൾ ഉണ്ടായിരിക്കണം. ഈ ഓരോ വിഭാഗവും തങ്ങളുടെ പ്രബോധനങ്ങളാണ് കുറ്റമറ്റതും സത്യവും എന്നും, ഇതര ക്രൈസ്തവരെല്ലാം അസത്യത്തിലും ദുർബോധനയിലുമാണ് നിലകൊള്ളുന്നത് എന്നുമാണ് കരുതുന്നത്. വളരെയധികം ക്രൈസ്തവർക്ക് അവർ പിന്തുടരുന്ന സഭയുടെ പ്രബോധനങ്ങൾ പൂർണ്ണമായും സത്യമാണെന്ന് ഉറപ്പില്ലെങ്കിലും ഏതെങ്കിലും ഒരു സഭയുടെ ഭാഗമായിരിക്കേണ്ടേ (വിവാഹവും ശവസംസ്കാരവും നടക്കേണ്ടേ?) എന്ന് കരുതി അങ്ങനെ തുടരുന്നു.

നാം യഥാർത്ഥ വിശ്വാസത്തിലാണ് നിലകൊള്ളുന്നത് എന്നതിന് വേദപുസ്തകത്തെ പറ്റിയുള്ള നമ്മുടെ ധാരണകൾ മാത്രമാണ് ആധാരം. പക്ഷേ, വേദപുസ്തകം ഉപയോഗിച്ച് എന്തും സത്യമാണെന്ന് തെളിയിക്കാം എന്നതാണ് പ്രശ്നം.
  • വേദപുസ്തകം ഉപയോഗിച്ച് ദൈവം ഇല്ല എന്ന് തെളിയിക്കുന്ന നിരീശ്വരവാദികളുണ്ട്.
  • 〃〃സാത്താനെ ആരാധിക്കാം എന്ന് തെളിയിക്കുന്നവരുണ്ട്.
  • 〃〃വിഗ്രഹാരാധന അനുവദനീയമാണ് എന്ന് തെളിയിക്കുന്നവരുണ്ട്.
  • 〃〃ചേലാകർമ്മം രക്ഷയ്ക്ക് ആവശ്യമാണെന്ന് തെളിയിക്കുന്നവരുണ്ട്.
  • 〃〃ഭക്ഷണപരമായ നിയന്ത്രണങ്ങൾ ഇപ്പോഴും ബാധകമാണ് എന്ന് തെളിയിക്കുന്നവരുണ്ട്.
  • ...അങ്ങനെ പലതും, പലരും...
വേദപുസ്തകം ഉപയോഗിച്ച് എന്തെങ്കിലും ആശയം തെളിയിക്കാം എന്നതിനാൽ അത് സത്യമായിക്കൊള്ളണമെന്നില്ല. വാഗ്സാമർത്ഥ്യവും, എന്തിനും “ആമേൻ”, “ഹല്ലേലൂയ” എന്ന് പാടുവാൻ കുറെ ആളുകളും ഉണ്ടെങ്കിൽ ഏതൊരു ആശയവും സത്യമാണെന്ന് സ്ഥാപിക്കാം.

ഈ പരമ്പരയിൽ വിവരിച്ചിരിക്കുന്ന ചില വസ്തുതകൾ വായിക്കുമ്പോൾ അവയെ നിരാകരിക്കുവാൻ തോന്നുന്നത് സ്വാഭാവികമാണ്, അതിൽ അതിശയകരമായി ഒന്നുമില്ല.

വേദപുസ്തകത്തെയും നമ്മുടെ വിശ്വാസത്തെയും സംബന്ധിച്ച ചില ചിന്തകൾ അവതരിപ്പിക്കുകയാണ് ഈ പരമ്പരയിൽ.

സഭാപിതാക്കന്മാർ.


നമ്മുടെ വിശ്വസത്തിലും വിശ്വാസപ്രമാണങ്ങളിലും സഭാപിതാക്കന്മാർക്ക് വളരെ പ്രമുഖമായ സ്ഥാനമുണ്ട്. പക്ഷേ, സഭാപിതാക്കന്മാർ എന്ന പദപ്രയോഗം പോലും യേശുവിൻറെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്:
മത്താ 23:9 ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്; ഒരുവൻ ആണ് നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നേ.
കത്തോലിക്കർ യേശുവിൻറെ അമ്മയായിരുന്ന മറിയയെ (ദൈവ)മാതാവ് എന്ന് വിളിക്കുന്നതിനെ കുറ്റപ്പെടുത്തുന്നവർ, വേറെ ചിലരെ സഭാപിതാക്കന്മാരായി അവരോധിക്കുന്നതിലെ യുക്തി മനുഷ്യബുദ്ധിക്ക് അതീതമാണ്. അവർ സഭയ്ക്ക് എന്തൊക്കെയോ കനത്ത സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അത്തരം സംഭാവനകളിൽ ചിലത് മാത്രം ഇവിടെ അവതരിപ്പിക്കുന്നു.

സഭാപിതാക്കന്മാരിൽ ഒരാളായിരുന്ന ഒരിജൻ (Origen) വേദവചനങ്ങൾക്ക് അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ സാത്താനും രക്ഷിക്കപ്പെടും എന്ന് വാദിച്ച ആളാണ്.

സഭാ പിതാക്കന്മാരിൽ പ്രമുഖനായിരുന്നു സെയിൻറ് അഗസ്റ്റിൻ (ഹിപ്പോയിലെ അഗസ്തീനോസ്). ക്രൈസ്തവ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെടുന്നതിനെ സാധൂകരിക്കുവാൻ “ധർമ്മയുദ്ധം” (Just war theory) എന്ന സിദ്ധാന്തം ഉണ്ടാക്കിയതിൽ അദ്ദേഹം മുൻകൈയ്യടുത്തു. അങ്ങനെ സമാധാനത്തിൻറെ രാജാവിനെ (യെശ 9:6), യുദ്ധത്തിൻറെ രാജാവാക്കി. ഇദ്ദേഹമാണ് ആദിപാപം എന്ന ആശയം ഉണ്ടാക്കിയത്.

അടുത്തത്, ലിയോണിലെ ഐറേനിയസ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ കക്ഷി അദ്ദേഹത്തോട് അടുത്തകാലത്താണ് യോഹന്നാൻ വെളിപ്പാട് കണ്ടതെന്ന് അവകാശപ്പെടുന്നതിന് തൊട്ടുമുമ്പ് വെളിപ്പാട് പുസ്തകത്തിൻറെ ആധികാരികവും പ്രാചീനവുമായ പ്രതികൾ നിലനിന്നിരുന്നു എന്നും അവകാശപ്പെട്ടു. യേശു ഏകദേശം 50 വയസ്സുവരെ ജീവിച്ചിരുന്നു എന്ന് ഇദ്ദേഹം അവകാശപ്പെട്ടു (എന്ന് ഞാൻ പറഞ്ഞാൽ മതി ചിലർക്ക് ഹാലിളകുവാൻ).

ആദിമ സഭാപിതാക്കന്മാർ അപ്പൊസ്തലന്മാരിൽ നിന്നോ അവരുടെ ശിഷ്യന്മാരിൽ നിന്നോ നേരിട്ട് പഠിച്ചവരാണെന്നും, അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായത്തിന് പ്രാമാണികതയുണ്ട് എന്നുമുള്ള ധാരണയാണ് പലരേയും ഇവരുടെ രചനകൾ പഠിക്കുവാൻ പ്രേരിപ്പിക്കുന്നത്. മിക്കവാറും സഭാപിതാക്കന്മാർ അപ്പൊസ്തലന്മാരുടെ കാലത്തിന് ഒന്നിലധികം നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജീവിച്ചിരുന്നത് എന്നത് അവരുടെ പ്രാമാണികത കുറയ്ക്കുന്ന മറ്റൊരു വസ്തുതയാണ്.

ജി.ശങ്കരക്കുറുപ്പ് എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്ത് അദ്ദേഹത്തിൻറെ ശിഷ്യന്മാരായിരുന്നവരിൽ ചങ്ങമ്പുഴ ഒഴികെ എത്ര പേർ പ്രശസ്ത കവികളോ സാഹിത്യകാരന്മാരോ ആയിട്ടുണ്ട്? (ചങ്ങമ്പുഴ, അവിടെ വിദ്യാർത്ഥിയാകുന്നതിന് മുമ്പുതന്നെ പ്രശസ്ത കവിയായിക്കഴിഞ്ഞിരുന്നു.)

പറഞ്ഞുവന്നതിൻറെ സാരം ഇതാണ്: അപ്പൊസ്തലന്മാരുടെ ശിഷ്യന്മാരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആയിരുന്നു എന്നതിനാൽ ആരുടെയെങ്കിലും സിദ്ധാന്തങ്ങൾ സത്യമായിക്കൊള്ളണമെന്നില്ല.

സഭയുടെ പാരമ്പര്യം.


കുറച്ചുനാൾ മുമ്പ് ഒരു പെന്തക്കൊസ്ത സഭയിൽ ജ്ഞാനസ്നാനത്തെ പറ്റി ഒരു ചർച്ച നടന്നു. വിശ്വാസിയെ മുക്കിയാണോ അതോ മലർത്തിയടിച്ചാണോ ജ്ഞാനസ്നാനം നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി സഭാപാരമ്പര്യങ്ങളും പരേതനായ ഒരു ഉപദേശിയുടെ അഭിപ്രായവും ഉദ്ധരിച്ചുകൊണ്ടാണ് മറുപടി നൽകപ്പെട്ടത്.

വേദപുസ്തകത്തിൽ പാരമ്പര്യം എന്ന പദം 13 തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 11 തവണയും പ്രതികൂലമായ അർത്ഥത്തിലാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണം:
മത്താ 15:3 ... നിങ്ങളുടെ പാരമ്പര്യത്തിൻറെ പേരിൽ നിങ്ങൾ ദൈവത്തിൻറെ പ്രമാണം ലംഘിക്കുന്നത് എന്തുകൊണ്ട്?
മത്താ 15:6 ... നിങ്ങളുടെ പാരമ്പര്യത്തിന് വേണ്ടി ദൈവവചനത്തെ നിങ്ങൾ വ്യർത്ഥമാക്കിയിരിക്കുന്നു.
ബാക്കിയുള്ള 2 തവണ അപ്പൊസ്തലന്മാർ പഠിപ്പിച്ച പാരമ്പര്യത്തെ പറ്റിയാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്. (2തെസ്സ 2:15; 3:6).
2തെസ്സ 2:15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്ന്, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ (പാരമ്പര്യങ്ങളെ) മുറുകെ പിടിച്ചുകൊള്ളുവിൻ.
തെസ്സലോനീക്ക സഭയിലുള്ളവരോട് വാക്കിനാൽ എന്ത് പാരമ്പര്യമാണ് പകർന്നുകൊടുത്തത് എന്ന് അറിയുവാൻ വഴിയില്ല, അതേ സമയം ലേഖനത്താൽ പകർന്നുകൊടുത്ത പാരമ്പര്യം നമ്മുടെ മുന്നിലുണ്ട് - വേദപുസ്തകത്തിൽ. വേദപുസ്തകത്തിൽ ഇല്ലാത്ത പാരമ്പര്യം ഏത് ഉപദേശി പകർന്നുതന്നാലും അതിന് ഒരു സാധുതയുമില്ല. വേദപുസ്തകത്തിൽ ഏതെങ്കിലും ഒരു കാര്യത്തെ പറ്റി മാർഗനിർദ്ദശം നൽകപ്പെട്ടിട്ടില്ലെങ്കിൽ ഇല്ല; അതിന് ആരെങ്കിലും ഒരു പുതിയ പാരമ്പര്യം ഉണ്ടാക്കി, സഭയുടെ അലംഘനീയമായ പ്രമാണങ്ങളായി പ്രബോധിപ്പിക്കേണ്ട ആവശ്യമില്ല.

തുടരും,...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ