ക്രിസ്തുവിൽ പ്രിയരെ,ലോകത്തിൽ മൊത്തം 41,000ത്തിൽ അധികം ക്രൈസ്തവ വിഭാഗങ്ങൾ ഉണ്ടായിരിക്കണം. ഈ ഓരോ വിഭാഗവും തങ്ങളുടെ പ്രബോധനങ്ങളാണ് കുറ്റമറ്റതും സത്യവും എന്നും, ഇതര ക്രൈസ്തവരെല്ലാം അസത്യത്തിലും ദുർബോധനയിലുമാണ് നിലകൊള്ളുന്നത് എന്നുമാണ് കരുതുന്നത്. വളരെയധികം ക്രൈസ്തവർക്ക് അവർ പിന്തുടരുന്ന സഭയുടെ പ്രബോധനങ്ങൾ പൂർണ്ണമായും സത്യമാണെന്ന് ഉറപ്പില്ലെങ്കിലും ഏതെങ്കിലും ഒരു സഭയുടെ ഭാഗമായിരിക്കേണ്ടേ (വിവാഹവും ശവസംസ്കാരവും നടക്കേണ്ടേ?) എന്ന് കരുതി അങ്ങനെ തുടരുന്നു.
നാം യഥാർത്ഥ വിശ്വാസത്തിലാണ് നിലകൊള്ളുന്നത് എന്നതിന് വേദപുസ്തകത്തെ പറ്റിയുള്ള നമ്മുടെ ധാരണകൾ മാത്രമാണ് ആധാരം. പക്ഷേ, വേദപുസ്തകം ഉപയോഗിച്ച് എന്തും സത്യമാണെന്ന് തെളിയിക്കാം എന്നതാണ് പ്രശ്നം.
- വേദപുസ്തകം ഉപയോഗിച്ച് ദൈവം ഇല്ല എന്ന് തെളിയിക്കുന്ന നിരീശ്വരവാദികളുണ്ട്.
- 〃〃സാത്താനെ ആരാധിക്കാം എന്ന് തെളിയിക്കുന്നവരുണ്ട്.
- 〃〃വിഗ്രഹാരാധന അനുവദനീയമാണ് എന്ന് തെളിയിക്കുന്നവരുണ്ട്.
- 〃〃ചേലാകർമ്മം രക്ഷയ്ക്ക് ആവശ്യമാണെന്ന് തെളിയിക്കുന്നവരുണ്ട്.
- 〃〃ഭക്ഷണപരമായ നിയന്ത്രണങ്ങൾ ഇപ്പോഴും ബാധകമാണ് എന്ന് തെളിയിക്കുന്നവരുണ്ട്.
- ...അങ്ങനെ പലതും, പലരും...
വേദപുസ്തകം ഉപയോഗിച്ച് എന്തെങ്കിലും ആശയം തെളിയിക്കാം എന്നതിനാൽ അത് സത്യമായിക്കൊള്ളണമെന്നില്ല. വാഗ്സാമർത്ഥ്യവും, എന്തിനും “ആമേൻ”, “ഹല്ലേലൂയ” എന്ന് പാടുവാൻ കുറെ ആളുകളും ഉണ്ടെങ്കിൽ ഏതൊരു ആശയവും സത്യമാണെന്ന് സ്ഥാപിക്കാം.
വേദപുസ്തകത്തെയും നമ്മുടെ വിശ്വാസത്തെയും സംബന്ധിച്ച ചില ചിന്തകൾ അവതരിപ്പിക്കുകയാണ് ഈ പരമ്പരയിൽ.
സഭാപിതാക്കന്മാർ.
നമ്മുടെ വിശ്വസത്തിലും വിശ്വാസപ്രമാണങ്ങളിലും സഭാപിതാക്കന്മാർക്ക് വളരെ പ്രമുഖമായ സ്ഥാനമുണ്ട്. പക്ഷേ, സഭാപിതാക്കന്മാർ എന്ന പദപ്രയോഗം പോലും യേശുവിൻറെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്:
മത്താ 23:9 ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്; ഒരുവൻ ആണ് നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നേ.
കത്തോലിക്കർ യേശുവിൻറെ അമ്മയായിരുന്ന മറിയയെ (ദൈവ)മാതാവ് എന്ന് വിളിക്കുന്നതിനെ കുറ്റപ്പെടുത്തുന്നവർ, വേറെ ചിലരെ സഭാപിതാക്കന്മാരായി അവരോധിക്കുന്നതിലെ യുക്തി മനുഷ്യബുദ്ധിക്ക് അതീതമാണ്. അവർ സഭയ്ക്ക് എന്തൊക്കെയോ കനത്ത സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അത്തരം സംഭാവനകളിൽ ചിലത് മാത്രം ഇവിടെ അവതരിപ്പിക്കുന്നു.
സഭാപിതാക്കന്മാരിൽ ഒരാളായിരുന്ന ഒരിജൻ (Origen) വേദവചനങ്ങൾക്ക് അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ സാത്താനും രക്ഷിക്കപ്പെടും എന്ന് വാദിച്ച ആളാണ്.
സഭാ പിതാക്കന്മാരിൽ പ്രമുഖനായിരുന്നു സെയിൻറ് അഗസ്റ്റിൻ (ഹിപ്പോയിലെ അഗസ്തീനോസ്). ക്രൈസ്തവ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെടുന്നതിനെ സാധൂകരിക്കുവാൻ “ധർമ്മയുദ്ധം” (Just war theory) എന്ന സിദ്ധാന്തം ഉണ്ടാക്കിയതിൽ അദ്ദേഹം മുൻകൈയ്യടുത്തു. അങ്ങനെ സമാധാനത്തിൻറെ രാജാവിനെ (യെശ 9:6), യുദ്ധത്തിൻറെ രാജാവാക്കി. ഇദ്ദേഹമാണ് ആദിപാപം എന്ന ആശയം ഉണ്ടാക്കിയത്.
അടുത്തത്, ലിയോണിലെ ഐറേനിയസ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ കക്ഷി അദ്ദേഹത്തോട് അടുത്തകാലത്താണ് യോഹന്നാൻ വെളിപ്പാട് കണ്ടതെന്ന് അവകാശപ്പെടുന്നതിന് തൊട്ടുമുമ്പ് വെളിപ്പാട് പുസ്തകത്തിൻറെ ആധികാരികവും പ്രാചീനവുമായ പ്രതികൾ നിലനിന്നിരുന്നു എന്നും അവകാശപ്പെട്ടു. യേശു ഏകദേശം 50 വയസ്സുവരെ ജീവിച്ചിരുന്നു എന്ന് ഇദ്ദേഹം അവകാശപ്പെട്ടു (എന്ന് ഞാൻ പറഞ്ഞാൽ മതി ചിലർക്ക് ഹാലിളകുവാൻ).
ആദിമ സഭാപിതാക്കന്മാർ അപ്പൊസ്തലന്മാരിൽ നിന്നോ അവരുടെ ശിഷ്യന്മാരിൽ നിന്നോ നേരിട്ട് പഠിച്ചവരാണെന്നും, അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായത്തിന് പ്രാമാണികതയുണ്ട് എന്നുമുള്ള ധാരണയാണ് പലരേയും ഇവരുടെ രചനകൾ പഠിക്കുവാൻ പ്രേരിപ്പിക്കുന്നത്. മിക്കവാറും സഭാപിതാക്കന്മാർ അപ്പൊസ്തലന്മാരുടെ കാലത്തിന് ഒന്നിലധികം നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജീവിച്ചിരുന്നത് എന്നത് അവരുടെ പ്രാമാണികത കുറയ്ക്കുന്ന മറ്റൊരു വസ്തുതയാണ്.
പറഞ്ഞുവന്നതിൻറെ സാരം ഇതാണ്: അപ്പൊസ്തലന്മാരുടെ ശിഷ്യന്മാരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആയിരുന്നു എന്നതിനാൽ ആരുടെയെങ്കിലും സിദ്ധാന്തങ്ങൾ സത്യമായിക്കൊള്ളണമെന്നില്ല.
സഭയുടെ പാരമ്പര്യം.
കുറച്ചുനാൾ മുമ്പ് ഒരു പെന്തക്കൊസ്ത സഭയിൽ ജ്ഞാനസ്നാനത്തെ പറ്റി ഒരു ചർച്ച നടന്നു. വിശ്വാസിയെ മുക്കിയാണോ അതോ മലർത്തിയടിച്ചാണോ ജ്ഞാനസ്നാനം നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി സഭാപാരമ്പര്യങ്ങളും പരേതനായ ഒരു ഉപദേശിയുടെ അഭിപ്രായവും ഉദ്ധരിച്ചുകൊണ്ടാണ് മറുപടി നൽകപ്പെട്ടത്.
വേദപുസ്തകത്തിൽ പാരമ്പര്യം എന്ന പദം 13 തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 11 തവണയും പ്രതികൂലമായ അർത്ഥത്തിലാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണം:
മത്താ 15:3 ... നിങ്ങളുടെ പാരമ്പര്യത്തിൻറെ പേരിൽ നിങ്ങൾ ദൈവത്തിൻറെ പ്രമാണം ലംഘിക്കുന്നത് എന്തുകൊണ്ട്?ബാക്കിയുള്ള 2 തവണ അപ്പൊസ്തലന്മാർ പഠിപ്പിച്ച പാരമ്പര്യത്തെ പറ്റിയാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്. (2തെസ്സ 2:15; 3:6).
മത്താ 15:6 ... നിങ്ങളുടെ പാരമ്പര്യത്തിന് വേണ്ടി ദൈവവചനത്തെ നിങ്ങൾ വ്യർത്ഥമാക്കിയിരിക്കുന്നു.
2തെസ്സ 2:15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്ന്, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ (പാരമ്പര്യങ്ങളെ) മുറുകെ പിടിച്ചുകൊള്ളുവിൻ.തെസ്സലോനീക്ക സഭയിലുള്ളവരോട് വാക്കിനാൽ എന്ത് പാരമ്പര്യമാണ് പകർന്നുകൊടുത്തത് എന്ന് അറിയുവാൻ വഴിയില്ല, അതേ സമയം ലേഖനത്താൽ പകർന്നുകൊടുത്ത പാരമ്പര്യം നമ്മുടെ മുന്നിലുണ്ട് - വേദപുസ്തകത്തിൽ. വേദപുസ്തകത്തിൽ ഇല്ലാത്ത പാരമ്പര്യം ഏത് ഉപദേശി പകർന്നുതന്നാലും അതിന് ഒരു സാധുതയുമില്ല. വേദപുസ്തകത്തിൽ ഏതെങ്കിലും ഒരു കാര്യത്തെ പറ്റി മാർഗനിർദ്ദശം നൽകപ്പെട്ടിട്ടില്ലെങ്കിൽ ഇല്ല; അതിന് ആരെങ്കിലും ഒരു പുതിയ പാരമ്പര്യം ഉണ്ടാക്കി, സഭയുടെ അലംഘനീയമായ പ്രമാണങ്ങളായി പ്രബോധിപ്പിക്കേണ്ട ആവശ്യമില്ല.
തുടരും,...
ക്രിസ്തുവിൽ,
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
No comments:
Post a Comment
Note: Only a member of this blog may post a comment.